കുടുംബത്തോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ അഭിഭാഷകന് ഇടിക്കട്ട കൊണ്ട് ക്രൂരമര്‍ദ്ദനം, കണ്ണിന് പരിക്ക്

കുടുംബത്തോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ അഭിഭാഷകന് ഇടിക്കട്ട കൊണ്ട് ക്രൂരമര്‍ദ്ദനം, കണ്ണിന് പരിക്ക്

കൊച്ചി: കുടുംബത്തോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ അഭിഭാഷകന് ക്രൂരമര്‍ദ്ദനം. ഹൈക്കോടതി അഭിഭാഷകനെയാണ് ബൗണ്‍സര്‍മാരും ബാര്‍ മാനേജറും ചേര്‍ന്ന് തലയ്ക്കും കണ്ണിനും ഇടിക്കട്ട കൊണ്ട് ഇടിച്ചത്. പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും നിസാരവകുപ്പുകള്‍ ചുമത്തി എന്ന് അഭിഭാഷകൻ ആരോപിച്ചു. കൊച്ചി എംജി റോഡിലെ ഇന്‍റര്‍നാഷണല്‍ ഹോട്ടലിലുള്ള വാട്‍സണ്‍സ് റെസ്റ്റോ ബാറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബാറിലെത്തിയ അഭിഭാഷകന്‍ മിദുദേവ് പ്രേമും കുടുംബവും അകത്ത് ഇരിക്കുന്നതിനിടെ സുഹൃത്തുക്കളായ രണ്ടു പേര്‍കൂടി ബാറിലേക്ക് വന്നു.  അകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ മാനേജറും ബൗണ്‍സര്‍ മാരുമായി രണ്ടുപേരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എന്താണ് പ്രശ്നമെന്ന്അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് മിദുദേവിനെ ബൗണ്‍സര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ഇടിക്കട്ട ഉപയോഗിച്ച് തലയ്ക് ശക്തിയായി ഇടിച്ചെന്നാണ് പരാതി.

മർദ്ദനത്തിൽ കണ്ണിന് പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്, ശസ്ത്രക്രിയയടക്കം പൂര്‍ത്തിയാക്കി. അഭിഭാഷകന്റെ മുഖത്ത് ആഴത്തിലുള്ള പരിക്കുമുണ്ട്.  സംഭവത്തില്‍ ബാറിലെ ബൗണ്‍സറായ അനസിനെതിരെയും ബാര്‍ മാനേജര്‍ ആഷ്‍ലിക്കെതിരെയും മറ്റ് നാല് ബൗണ്‍സര്‍മാര്‍ക്കെതിരെയും കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ തലയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് ചേര്‍ത്തതെന്നാണ് അഭിഭാഷകന്‍റെ ആക്ഷേപം. അതേസമയം പ്രശ്നങ്ങള്‍ ഉണ്ടായെന്നത് വാസ്തവമാണെന്നും എന്നാല്‍ അഭിഭാഷകനെ മര്‍ദ്ദിച്ചത് ബൗണ്‍സര്‍ എന്നപേരില്‍ പുറത്ത് നിന്നെത്തിയ ആളെന്നുമാണ് ബാര്‍ അധികൃതര്‍ പറയുന്നത്.

Leave a Reply