പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍; കുഞ്ചാക്കോ ബോബന്‍

പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍; കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സഹകരിച്ചില്ലെന്നുമാണ് സുവിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചത്. സംഭവത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണബോധ്യം ഉള്ളതുകൊണ്ടാണ് താന്‍ ഇതേപ്പറ്റി അന്ന് മിണ്ടാതിരുന്നത് എന്ന് പറയുകയാണ് ചാക്കോച്ചന്‍.

‘പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്നും പ്രൊമോഷന്‍ പരിപാടികള്‍ പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണെന്നും നടന്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ മനസു തുറന്നത്.‘എന്റെ പടം വിജയിക്കേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യമാണ്. പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍. എന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രൊമോഷന്‍ നല്‍കാന്‍ ഞാന്‍ മടികാണിക്കാറില്ല. കാരണം, സിനിമ കാണാന്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും മെച്ചമാണ്. പക്ഷെ ആ മേഖലയില്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക,’ നടന്‍ പറഞ്ഞു.

‘പ്രൊമോഷന്‍ ഷൂട്ട് പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണ് . ആ സമയം ചിലപ്പോള്‍ സ്ഥലത്തുണ്ടാകാതിരിക്കുകയോ മറ്റ് ലോക്കേഷനിലായിരിക്കുകയോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്‌തേക്കാം. ഈ മൂന്ന് കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ പ്രൊമോഷനില്‍ സംഭവിച്ചു. ഞാന്‍ വിദേശത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു പാട്ട് പാടുന്നതുപോലും ആ സിനിമയിലാണ്. ആ പാട്ടും വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ തന്നെയാണ്. അത്തരത്തില്‍ ഒരു ഫീല്‍ഗുഡ് സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണബോധ്യം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇതേപ്പറ്റി മിണ്ടാതിരുന്നത്,’ കുഞ്ചക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply