വംശീയകലാപം തുടരുന്ന മണിപ്പൂരിൽ നിന്നും വീണ്ടും ദുഃഖവാർത്ത

വംശീയകലാപം തുടരുന്ന മണിപ്പൂരിൽ നിന്നും വീണ്ടും ദുഃഖവാർത്ത

മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ വംശീയകലാപം തുടരുന്ന മണിപ്പൂരിൽ നിന്നും വീണ്ടും ദുഃഖവാർത്ത. ഇന്നലെ നാല് പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി 12.05ഓടെ മെയ്തേയ് ഗ്രാമമായ ഖുജുമ താബിക്ക് സമീപം ഗ്രാമീണർ സ്ഥാപിച്ച ബാരിക്കേഡുകൾ സായുധരായ ഒരുസംഘം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ ഗ്രാമീണർ സ്ഥാപിച്ചതാണ് ഈ ബങ്കർ. ഇരുഭാഗങ്ങളിൽനിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമികൾ മലമുകളിൽനിന്നാണ് എത്തിയതെന്ന് സംശയിക്കുന്നു. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ചിരുന്ന ആക്രമി സംഘവുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി ബിഷ്ണുപുർ ജില്ല പൊലീസ് സൂപ്രണ്ട് ഹെയ്സനാം ബൽറാം സിങ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽനിന്ന് പുറത്തെത്തിയ വലിയൊരു ജനക്കൂട്ടം ചുരാചാന്ദ്പുർ ജില്ലയിലെ കുക്കി ഗ്രാമങ്ങളായ ലാങ്സായും ചിങ്‍ലാങ്മേയും ആക്രമിച്ചു. സംഭവത്തിൽ ഒരു ഗ്രാമീണ സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു ചർച്ച് ആക്രമികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി കുംബി നിയമസഭാംഗം സനാസം പ്രേംചന്ദ്ര സിങ്ങിന്റെ വസതിയിൽ ജനക്കൂട്ടമെത്തി. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും ഇവിടെ എത്തിയിരുന്നു.

മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയകലാപത്തിൽ 138 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 60,000ഓളം പേർ ഭവനരഹിതരാവുകയും ചെയ്തു.

Leave a Reply