കഥ:   കാർവാറിലെ രാക്ഷസ തിരമാല

കഥ: കാർവാറിലെ രാക്ഷസ തിരമാല

റാഫി പള്ളിപ്പുറം.

രാവിലെ മുതലേ അന്തരീക്ഷം കാർമേഘത്താൽ മൂടപ്പെട്ട് കിടക്കുന്നു. പടിഞ്ഞാറ് നിന്നും വീശുന്ന ഇളം കാറ്റിൽ തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥ. ഇടയ്ക്കിടയ്ക്ക് പെയ്തൊഴിയുന്ന ചാറ്റൽ മഴ. മുറ്റത്തെ മാവിൻ ചില്ലയിലിരിക്കുന്ന കാക്ക നിർത്താതെ കരഞ്ഞ് കൊണ്ടിരിക്കുന്നു. വിരുന്നുകാരൻറെ വരവറിയിച്ച് കൊണ്ട് ആവേശത്തോടെയുള്ള സാധാരണ കരച്ചിൽ അല്ല ഇത്. വല്ലാതെ നൊമ്പരപ്പെട്ട് കൊണ്ടാണ് കാക്ക കരയുന്നത്. ‘മോളെ, ഖദീജാ കുറേ നേരമായി ആ കാക്ക ഇങ്ങനെ കരയുന്നത്. അത് കേൾക്കുമ്പോൾ എന്തോ മുസീബത്ത് വരുന്നത് പോലെ തോന്നുന്നു എനിക്ക്. അതിനെ നീ ഒരു കല്ലെടുത്തു എറിഞ്ഞേ……’ അകത്ത് നിന്നും നഫീസത്ത തൻറെ മകളോടായി പറഞ്ഞു. ഖദീജ പുറത്തിറങ്ങി ‘പോ കാക്കേ….’ എന്നും പറഞ്ഞ് രണ്ട് മൂന്ന് കല്ലുകളെടുത്ത് കാക്കയ്ക്ക് നേരെ എറിഞ്ഞു. മാവിൻ ചില്ലയിലിരുന്ന കാക്ക പറന്ന് വീടിൻറെ മേൽക്കൂരയിൽ പോയിരുന്നു തൻറെ നൊമ്പരം രേഖപ്പെടുത്തി കൊണ്ടേയിരുന്നു…….

ഇന്ന് ഹിജ്രി കലണ്ടറിലെ ശഹബാൻ മാസം പത്ത്, ‘ബറാഅത്ത്’. പുണ്യമാക്കപ്പെട്ട ദിനം. ഉച്ച മുതലേ നഫീസത്ത ചക്കരക്കഞ്ഞിയുണ്ടാക്കുന്ന തിരക്കിൽ. മക്കളോടും, പേര മക്കളോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. അസർ നിസ്കാരം കഴിഞ്ഞിട്ട് മൂന്ന് വീതം യാസീൻ സൂറത്ത് പാരായണം ചെയ്യണമെന്ന്. പാപ മോചനത്തിനും, പരേതാക്കൾക്കും പിന്നെ അന്നത്തിനും വേണ്ടി. വലിയൊരു പാത്രത്തിൽ ചക്കരക്കഞ്ഞി വിളമ്പി പേര മകൻ ബഷീറിൻറെല് കീഴൂർ വലിയ പള്ളിയിലേക്ക് കൊടുത്ത് വിട്ടു. പല വീട്ടിൽ നിന്നും ഇത് പോലെ കൊണ്ട് വരുന്ന കഞ്ഞികൾ പള്ളിയിലെ വലിയ ചെമ്പിലേക്ക് കമഴ്ത്തും. പിന്നെ അതിൽ നിന്നും ഒരു വിഹിതം വീട്ടുകാർക്ക് അതേ പാത്രത്തിൽ വിളമ്പി നൽകും. പള്ളിയിൽ നിന്നും ലഭിച്ച ചക്കരക്കഞ്ഞിയുമായി ബഷീർ വീട്ടിൽ എത്തിയപ്പോൾ നഫീസത്ത നിസ്‌ക്കാരപ്പായയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നുണ്ട്. ബഷീർ നഫീസത്തയെ നോക്കി പറഞ്ഞു ‘വല്യൂമ്മ ഞാൻ പള്ളിയിൽ നിന്നും കഞ്ഞി കൊണ്ട് വന്നിന്’. നീ അത് അടുക്കളയിൽ കൊണ്ട് വെക്ക് മോനെ…, ഞാൻ അൽപ്പനേരം കഴിഞ്ഞ് കഴിക്കാം. കാദറും, മൊയ്ദീനും ഇല്ലാത്തത് കൊണ്ട് എനിക്ക് കഴിക്കാനേ തോന്നുന്നില്ല…….

രണ്ട് മാസം കഴിഞ്ഞു രണ്ട് മക്കളും പോയിട്ട്. സാധാരണ ഏതെങ്കിലും കരയിൽ ഉരു നങ്കൂരമിട്ടാൽ ഏതെങ്കിലും നാട്ടിൽ എത്തിയ വിവരം കാണിച്ച് ഒരു കാർഡ് അയക്കാറുണ്ട്. ഇത് ഒരു വിവരവും ഇല്ല. മോളെ, ഖദീജാ നീ നാളെ ഹാജ്യാറെ പുരക്ക് പോയിട്ട് അന്വേഷിക്കണം. ഹാജ്യാരുടെ ഉരുവിലാണല്ലോ അവർ രണ്ടാളും പോയത്. അല കടലിൽ അന്നം തേടി പോയതല്ലേ എൻറെ പൊന്ന് മക്കൾ. പടച്ചോനെ എൻറെ മക്കളെ കാത്തോളണേ……’ ഉരുവിൽ ജോലിക്ക് പോയാൽ പിന്നെ തിരിച്ച് വരും വരെ എൻറെ മനസ്സിൽ വല്ലാത്തൊരു ആധിയാണ്…. പിന്നെ എല്ലാം റബ്ബിൻറെ കാവൽ. മക്കളോട് കടലിലെ പണി നിർത്തിയിട്ട് വേറെ വല്ല പണിക്കും പോകുവാൻ എല്ലായ്പ്പോഴും ഞാൻ പറയാറുണ്ട്. പേടിക്കേണ്ട ഉമ്മ, നമുക്ക് ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞ് അവർ ഉമ്മാനെ സമാധാനിപ്പിക്കും…..

പ്രതീക്ഷകളുടെ ഭാരം പേറി ശാന്തമായ അറബിക്കടലിൻറെ ഓളങ്ങൾ കീറിമുറിച്ച് ഉരുക്കളും ചെറുതും വലുതുമായ കപ്പലുകൾ എല്ലാം ബോംബെ തീരം ലക്ഷ്യമാക്കി കാർവാറിലൂടെ മുമ്പോട്ട് കുതിക്കുന്നു. നേരം സന്ധ്യയോട് അടുക്കുന്നതേയുള്ളു. അസ്തമയ സൂര്യൻറെ ചുവന്ന നേർത്ത പ്രഭ പടിഞ്ഞാറ് നിന്നും കടലിൻറെ ഓളങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

ചക്കരക്കഞ്ഞി തയ്യാറായില്ലേ…..? സ്രാങ്ക് ഉച്ചത്തിൽ വിളിച്ച് ചോദിച്ചു. ഉരുവിലെ ജോലിക്കാർ തങ്ങളുടെ യാസീൻ പാരായണം കഴിഞ്ഞ് ചക്കരക്കഞ്ഞിയുണ്ടാക്കുന്ന തിരക്കിൽ. തേങ്ങാ ചിരവിയും, ശർക്കര ഉരുക്കിയും അവർ ഓരോരോ ചേരുവകൾ ചേർത്ത് രുചിച്ച് നോക്കുന്നു. മണ്ണിൻറെ വലിയ വാടയിൽ ആദ്യം സ്രാങ്കിന് വിളമ്പി കൊടുക്കണം. എന്ത് ഉണ്ടാക്കി കൊടുത്താലും വായിക്ക് രുചി പിടിച്ചില്ലെങ്കിൽ അയാളുടെ ശകാരം കൂടി കേൾക്കണം. നടുക്കടലിൽ ഉയർന്ന് വരുന്ന കടലിൻറെ ഇരമ്പലിൽ ആ ശകാര വാക്കുകൾ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതെയാകും. അതൊക്കെ ഇവിടന്ന് പഠിച്ച ഓരോരോ കടൽ ശീലങ്ങൾ……

സാധാരണ ഗതിയിൽ ആടിയും, ഉലഞ്ഞും മുമ്പോട്ട് കുതിച്ചിരുന്ന ഉരു പെട്ടെന്ന് അതിൻറെ കുതിപ്പിൽ ചാഞ്ചാട്ടം വന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുന മർദ്ദം ഉഗ്ര വിരൂപിയായ കൊടുങ്കാറ്റായി ആഞ്ഞു വീശാൻ തുടങ്ങി. കടൽ കൂടുതൽ കൂടുതൽ പ്രക്ഷുബ്ധമായി വരുന്നു. കാറ്റ് ദിശ മാറി വീശുന്നു. കാറ്റിന്റെ വേഗത അതി ശക്തമായി. ഉരുക്കളും കപ്പലുകളും നടുക്കടലിൽ ദിശ മാറി ഓളങ്ങളിൽ ആടിയുലയാൻ തുടങ്ങി. സ്രാങ്ക് ഉരുവിൻറെ പായ മാറ്റിക്കെട്ടി ദിശാമാറ്റി സഞ്ചരിക്കുവാൻ ശ്രമിച്ചു. ജീവനക്കാർക്ക് അപായ സൂചന അറിയിക്കുവാൻ സഹസ്രാങ്കിന് നിർദേശം നൽകി. നഫീസത്തയുടെ മക്കളായ കാദറും, മൊയ്ദീനും പരസ്പരം കെട്ടിപ്പിടിച്ച് റബ്ബിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. സമുദ്രത്തിൻറെ നടുപ്പരപ്പിൽ രൂപപ്പെട്ട ഉഗ്ര വിരൂപിയായ ചുഴലിക്കാറ്റ് ആ ഭാഗത്തു കൂടി സഞ്ചരിച്ചിരുന്ന ഉരുക്കളെയും കപ്പലുകളെയും എല്ലാം വട്ടം കറക്കി കടലിൻറെ ആവനാഴിയിലേക്ക് എന്നന്നേക്കുമായി താഴ്ത്തി കൊണ്ട് പോയി…….

പിറ്റേന്ന് രാവിലെ തന്നെ നഫീസത്ത മകൾ ഖദീജയെ ഹാജിയാരുടെ വീട്ടിലേക്ക് അയച്ചു. ആ വലിയ വീടിൻറെ വരാന്തയിലും, വിശാലമായ മുറ്റത്തും കുറേ പേരുണ്ട്. എല്ലാവരുടെയും മുഖത്ത് വിഷാദ ഭാവം മാത്രം. തന്നോട് സംസാരിക്കുന്നവരോടെല്ലാം ഹാജ്യാര് പറയുന്നുണ്ട്. നിങ്ങൾ ബേജാറാവല്ലേ….? റബ്ബല്ലേ വലുത്. വിവരങ്ങൾ അറിയാൻ ഞാൻ കാർവാറിലേക്ക് ആളെ അയച്ചിട്ടുണ്ട്.

വരാന്തയിലെ മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്ന അന്നത്തെ വർത്തമാന പത്രത്തിൽ വെണ്ടക്ക അക്ഷരത്തിൽ നിരത്തിയ വാർത്തയുടെ തലക്കെട്ടുകൾ ഖദീജ ശ്രദ്ധിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യുന മർദം, ”ചുഴലിക്കാറ്റിൽ പാമ്പൻ പാലം ഒലിച്ച് പോയി, നൂറ് കണക്കിന് യാത്രക്കാർ മരണപ്പെട്ടു..’ ഖദീജ ഓരോ പത്രങ്ങളും മറിച്ച് നോക്കി അതിലെ ചിത്രങ്ങളും തലക്കെട്ടുകളും നോക്കി. വലിയൊരു പാലം കടലിലേക്ക് തകർന്നു വീണിട്ടുണ്ട്, അതിലൂട ഒരു തീവണ്ടിയുടെ ഏതാനും ഭാഗങ്ങൾ ഒലിച്ച് പോയിട്ടുണ്ട്. ഒരു പത്രത്തിൻറെ പിന്നിലെ പേജിൽ ഇങ്ങനെയൊരു തലക്കെട്ടും കണ്ടു, ‘കാർവാറിലൂടെ സഞ്ചരിച്ചിരുന്ന അമ്പതിലധികം ഉരുക്കൾ ചുഴലിക്കാറ്റിൽ പെട്ട് തകർന്നു…..’ എൻറെ റബ്ബേ, ഞാൻ എന്ത് ഇത് വായിക്കുന്നത്…..? കാത്തോളണേ…..

ഖദീജ ഹാജ്യാരോട് താൻ വന്ന കാര്യം പറഞ്ഞു. ബേജാറാവേണ്ട മോളെ, വിവരങ്ങൾ അറിയുവാൻ കാർവാറിലേക്ക് ആളെ വിട്ടിട്ടുണ്ട്. ഉമ്മാട് ദൈര്യമായിരിക്കാൻ പറയു. മോള് വീട്ടിൽ പോയി ഉമ്മാനെ സമാധാനിപ്പിക്കുക. ഹാജ്യാരുടെ വീടിൻറെ മുറ്റത്തെ മാവിൽ നിന്നും പഴുത്ത മാങ്ങകൾ ധാരാളം താഴെ വീണ് കിടക്കുന്നു. സാധാരണ ഉമ്മയുടെ കൂടെ അവിടെ ചെന്നാൽ മാങ്ങയൊക്കെ പെറുക്കി എടുത്താണ് ഖദീജ മടങ്ങാറ്. ഇന്ന് മാങ്ങ പെറുക്കാനൊന്നും ഖദീജയ്ക്ക് തോന്നിയില്ല. പൊന്നാങ്ങളമാരുടെ വിവരങ്ങൾ അറിയാത്തതിലുള്ള വിഷമങ്ങൾ കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തോ സംഭവിച്ചിട്ടുണ്ട്…..? റബ്ബേ ഒരു അപകടവും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ച് നനഞ്ഞ കണ്ണുകൾ തട്ടത്തിൻറെ തുമ്പ് കൊണ്ട് തുടച്ച് നേരെ വീട്ടിലേക്ക് നടന്നു…

വീട്ട് വരാന്തയിൽ നഫീസത്ത ഖദീജയുടെ വരവും നോക്കി കാത്തിരിക്കുന്നുണ്ട്. മകളെ കണ്ടയുടൻ ‘പോയിട്ട് എന്തായി മോളെ…..? വല്ല വിവരവും ഉണ്ടോ….? ഇല്ല ഉമ്മ…… ഹാജ്യാര് കാർവാറിലേക്ക് വിവരങ്ങൾ അറിയുവാൻ ആളെ വിട്ടിട്ടുണ്ട്. ഉമ്മാട് ബേജാർ ആക്കണ്ടാന്ന് പറഞ്ഞു. പിന്നെ ഇന്നത്തെ പത്രത്തിൽ എവിടെയൊക്കെയോ കടൽ ദുരന്തങ്ങൾ നടന്ന വാർത്തയും, ചിത്രങ്ങളുമുണ്ട്. താൻ അവിടെ കണ്ട കാര്യങ്ങൾ ഖദീജ ഉമ്മയോട് പറഞ്ഞു. പടച്ചോനെ, എൻറെ മക്കൾക്ക് മുസീബത്ത് ഒന്നും വരുത്തല്ലേ….

പിന്നീടുള്ള ഓരോ പ്രഭാതവും കടൽ ദുരന്തങ്ങളുടെ പുതിയ പുതിയ വാർത്തകളാൽ വരവേറ്റു. കവലകളിൽ കൂടിയിരുന്ന് ജനങ്ങൾ ദുരന്ത വിശേഷങ്ങൾ ചർച്ച ചെയ്തു. നാട്ടിലെ ഒരുപാട് പേരുടെ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന ആ വലിയ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. വിപണനങ്ങൾ കൊണ്ട് സജീവമായിരുന്ന കീഴൂർ അങ്ങാടി നിശ്ചലമായി. വൈകുന്നേരങ്ങളിൽ കളി മൈതാനത്ത് പന്ത് കളിച്ചിരുന്നവർ ദിവസങ്ങളോളം പന്തുരുട്ടാതെ നാടിൻറെ ദുഃഖത്തിൽ പങ്ക് ചേർന്നു. മരിച്ച പലരുടെയും പേരുകൾ പറഞ്ഞ് തങ്ങളുമായുള്ള അടുപ്പം പറഞ്ഞ് അവർ പരസ്പരം ദുഃഖം പങ്ക് വെച്ചു.

ദുരന്ത വിവരങ്ങൾ കൂടുതൽ ഒന്നും അറിയാതെ ദിവസങ്ങൾ രണ്ടും മൂന്നും കടന്ന് പോയി. ഊണും, ഉറക്കവുമില്ലാതെ നഫീസത്ത പ്രാർത്ഥനകളുമായി ഓരോ നിമിഷങ്ങളും കഴിച്ച് കൂട്ടി. ഇടയ്ക്കൊന്ന് കണ്ണ് ചിമ്മിയാൽ കാണുന്നത് ഓരോരോ ദുസ്വപ്നങ്ങൾ. നാലാം ദിവസം ഹാജ്യാരും പരിവാരങ്ങളും സൽമത്തയുടെ വീട്ട് പടിക്കലെത്തി. വല്ലാണ്ടിരിക്കുന്ന സൽമത്തയെ സമാധാനിപ്പിച്ചു. എല്ലാം റബ്ബിൻറെ ഓരോ പരീക്ഷണങ്ങളാണ്. ഒരുപാട് ഉരുക്കൾ അപകടത്തിൽ പെട്ടിട്ടുണ്ട്. എൻറേതുമുണ്ട്. അത് സാരമില്ല. അതിൽ ജോലിക്കാരായി നമ്മുടെ നാട്ടുകാരും, കുടുംബക്കാരുമുണ്ട്. അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അതൊക്കെ ഓർക്കുമ്പോളാണ് വല്ലാത്തൊരു ബേജാറ്. രണ്ട് മൂന്ന് ആളുകൾ എങ്ങനെയൊക്കെയോ കര പറ്റിയിട്ടുണ്ട്. പക്ഷെ, അവർക്കും കൂടെയുണ്ടായവരെ കുറിച്ച് ഒന്നും അറിയില്ല. എല്ലാം റബ്ബിൻറെ വിധി. നിങ്ങളെ കൂടെ ഞാനുണ്ടാകും എന്നും പറഞ്ഞ് ഹാജ്യാരും കൂട്ടരും മറ്റു വീടുകളിലേക്ക് നീങ്ങി….

തൻറെ മക്കൾ തിരിച്ച് വരുമെന്ന് തന്നെ കരുതി നഫീസത്ത കാത്തിരുന്നു. രാത്രി കാലങ്ങളിൽ എന്തെങ്കിലും അനക്കം കേട്ടാൽ തൻറെ മക്കൾ വന്നതാകും എന്ന് കരുതി വഴചൂട്ടുമായി റോഡരികിൽ പോയി നോക്കും. അപടകം നടന്ന് കുറേ ദിവസങ്ങൾ കഴിഞ്ഞു. ഇല്ല, ഇനി അവർ തിരിച്ച് വരില്ല… എൻറെ മക്കൾ കാദറും, മൊയ്ദീനും റബ്ബിലേക്ക് മടങ്ങി. റബ്ബേ, അവരുടെ മയ്യത്തെങ്കിലും ഒരു നോക്ക് കാണുവാൻ എനിക്ക് തരുമോ…..? അവസാനമായി എൻറെ മക്കൾക്ക് ഒരു ചുംബനമെങ്കിലും നൽകുവാൻ…… അവർ മനമുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നു…..

കാലവും, സന്ദർഭങ്ങളും മാറി മാറി വന്നു. നാടും ജനങ്ങളും കടൽ ദുരന്തത്തിൻറെ ഞെട്ടലിൽ നിന്നും പതിയെ പതിയെ പഴയ രീതിയിലേക്ക് മാറി. ഇപ്പോൾ കീഴൂർ അങ്ങാടി പഴയെ പോലെ വീണ്ടും സജീവമായി. സായാഹ്നങ്ങളിൽ കളി മൈതാനത്ത് പരസ്പരം വീറോടെ അവർ മത്സരിച്ച് കളിച്ചു. മക്കളെ നഷ്ട്ടപ്പെട്ട മാതാപിതാക്കളും, ഭർത്താക്കന്മാരെ നഷ്ട്ടപ്പെട്ട വിധവകളും, അനാഥരായ മക്കളും ഉറ്റവരും മാത്രം ആ വേർപാടുകളിൽ മനം നൊന്ത് ജീവിതം തള്ളി നീക്കി.

പൊതുവേ എന്ത് കാര്യങ്ങൾക്കും തൻറേടിയും, ഉഷാറുമുണ്ടായിരുന്ന നഫീസത്ത രണ്ട് മക്കളുടെ വേർപാടോട് കൂടി ഒന്നിലും ഉത്സാഹമില്ലാതെ ആരോടും അധികം സംസാരിക്കാതെ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ തൻറെ മുറിയിൽ തന്നെ കഴിഞ്ഞ് കൂടി. പിന്നീട് അവരുടെ മരണം വരെ നഫീസത്ത ആ മുറി വിട്ട് പുറത്തിറങ്ങിയിട്ടില്ല…….

Leave a Reply