വന്യമൃഗങ്ങളെ പെട്ടിയിലാക്കി ബാങ്കോക്കിൽനിന്നും വിമാനം കയറി; അവസാനം കസ്റ്റംസ് പിടികൂടി

വന്യമൃഗങ്ങളെ പെട്ടിയിലാക്കി ബാങ്കോക്കിൽനിന്നും വിമാനം കയറി; അവസാനം കസ്റ്റംസ് പിടികൂടി

ബാങ്കോക്കില്‍നിന്നും വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ് സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൃഗങ്ങളെ കണ്ടെത്തിയത്.

ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു. ബാങ്കോക്കില്‍നിന്നും ബുധനാഴ്ച രാത്രി 10.30ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ എയര്‍ ഏഷ്യാ വിമാനത്തിലാണ് മൃഗങ്ങളടങ്ങിയ സ്യൂട്ട് കേസ് കടത്തിയത്. വിമാനമിറങ്ങിയശേഷം പുറത്തേക്ക് വരുന്നതിനിടെ യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളുടെ സ്യൂട്ട് കേയ്സ് ഉള്‍പ്പെടെ പരിശോധിക്കുകയായിരുന്നു. സ്യൂട്ട് കേയ്സ് തുറന്നപ്പോള്‍ കുരങ്ങുകളെ ചത്തനിലയിലും പാമ്പുകളെ മറ്റു ബോക്സുകളിലാക്കിയ നിലയിലുമാണ് കണ്ടെത്തിയത്.

Leave a Reply