നടിയുടെ തിരിച്ച് വരവ് ഏവരും ആഗ്രഹിച്ചു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ 2014 ൽ തിരിച്ചെത്തിയപ്പോൾ മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കി. പിന്നീടിങ്ങോട്ട് സിനിമകളിൽ നടി സജീവമായി. ഇക്കാലയളവിനിടയിൽ നടിയുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വന്നു. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് എവിടെയും സംസാരിക്കാതിരിക്കാൻ നടി ശ്രദ്ധിക്കുന്നു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്കുള്ള ജീവിതം കെട്ടിപ്പടുക്കാൻ മഞ്ജു അമാന്തിച്ചില്ല.
നൃത്തത്തിനും സിനിമകൾക്കും പ്രാധാന്യം നൽകിയ മഞ്ജുവിനെ തേടി പുതിയ സൗഹൃദങ്ങളെത്തി. യാത്രകളും പുതിയ ഹോബികളുമാെക്കെയായി നടി മുന്നോട്ട് നീങ്ങി. അടുത്തിടെയാണ് ബൈക്ക് ഓടിക്കാനും താരം പഠിച്ചത്. മഞ്ജുവിന്റെ ലുക്കിലും ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ട്. 42 കാരിയായ മഞ്ജുവിന് 20 കാരിയുടെ ചുറുചുറുക്കാണിന്ന്. പ്രായത്തിൽ കവിഞ്ഞ അമ്മ വേഷങ്ങളാണ് മഞ്ജുവിന്റെ പ്രായത്തിലുള്ള പല നടിമാരെയും തേടി വരുന്നതെങ്കിലും മഞ്ജു വാര്യർക്ക് ചെറുപ്പക്കാരികളായ സ്ത്രീ കഥാപാത്രങ്ങൾ ലഭിക്കുന്നു. സിനിമാ ലോകത്തെ അപൂർവ കാഴ്ചയാണിത്. നാൾക്ക് നാൾ മഞ്ജു ചെറുപ്പമായി വരുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇത്തരം പ്രശംസകളെക്കുറിച്ച് മഞ്ജു മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള പ്രശംസകളോട് താൽപര്യമില്ലെന്നാണ് നടി പറഞ്ഞത്. ‘എനിക്കതിൽ ഒരു സംതൃപ്തിയും ഇല്ല. ഇതിന് മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞ് വെറുപ്പിച്ചതാണ്. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കാനല്ല, സന്തോഷമായിട്ട് ഇരിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞ് കേൾക്കേണ്ടത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സന്തോഷമായിരിക്കുക’
‘പ്രായമാകുന്നതും വരകൾ വീഴുന്നതൊക്കെ നാച്വറലാണ്. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ. അതേസമയം മഞ്ജു വാര്യർ മുഖത്ത് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. നടി കോസ്‌മെറ്റിക് ചികിത്സകൾ ചെയ്തിട്ടുണ്ടെന്നും വാദമുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും താരം പ്രതികരിക്കാറില്ല. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകൾ. തമിഴിൽ തുനിവ് എന്ന അജിത്ത് കുമാർ ചിത്രത്തിലും മഞ്ജു ശ്രദ്ധേയ വേഷം ചെയ്തു. തമിഴിൽ നടിയുടെ രണ്ടാമത്തെ സിനിമയാണിത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ അസുരൻ എന്ന സിനിമയും ശ്രദ്ധ നേടി. തമിഴിൽ നിന്നും നിരവധി അവസരങ്ങൾ നടിക്ക് വരുന്നുണ്ടെന്നാണ് വിവരം. മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത തമിഴ് സിനിമ. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മനു ആനന്ദ് ആണ് സിനിമയുടെ സംവിധായകൻ.