കണ്ണൂരിൽ ജ്വല്ലറി ജീവനക്കാരിയായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. യുവതി ജീവനൊടുക്കാന്‍ കാരണം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ട് പണം നഷ്ടമായതിനാലാണ് എന്ന് പൊലീസ് വ്യക്തമാക്കി.
ജൂണ്‍ 16 ന് ആണ് പയ്യാമ്ബലത്ത് കടലില്‍ ചാടിയാണ് റോഷിത എന്നാ യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
പാര്‍ട്ട് ടൈം ജോലിക്കാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഒരിക്കല്‍ യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശം ലഭിച്ചു. ഇതിന് താല്‍പര്യമുണ്ട് എന്ന് യുവതി മറുപടിയും നല്‍കി.
ഇതോടെ തട്ടിപ്പുകാര്‍ യുവതിയോട് യൂട്യൂബ് വീഡിയോ അയച്ച് കൊടുത്ത് ലൈക്ക് ചെയ്യാന്‍ പറഞ്ഞു. ഒരു യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ 50 രൂപയാണ് പ്രതിഫലം. മൂന്ന് വീഡിയോ ആണ് യുവതിക്ക് തട്ടിപ്പുകാര്‍ അയച്ച് കൊടുത്തത്. യുവതി ഇവരുടെ നിര്‍ദേശാനുസരണം ഇത് ലൈക്ക് ചെയ്യുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ച് കൊടുക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ അക്കൗണ്ടില്‍ 150 രൂപ കയറി.
പണം ലഭിച്ചതോടെ യുവതിക്ക് വിശ്വാസമേറി. പിന്നാലെ തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം യുവതി കൂടുതല്‍ ജോലി ഏറ്റെടുത്തു. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം തിരിച്ചു കിട്ടുമെന്ന വാഗ്ദാനത്തില്‍ യുവതി വീഴുകയായിരുന്നു.
ഇതോടെ സംഘം കൂടുതല്‍ പണം മുടക്കിയുള്ള ടാസ്‌കുകള്‍ നല്‍കി തുടങ്ങി. ടാസ്കുകൾ ചെയ്യുന്നതിന് മുമ്പായി ഇവർ മുൻകൂറായി പണം ആവശ്യപ്പെടും.ഇത്തരത്തില്‍ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന പണത്തിന് പുറമേ സ്വര്‍ണം പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയും വരെ കണ്ണൂര്‍ സ്വദേശിയായ യുവതി പണമയച്ചു കൊടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യമായതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നു സിറ്റി എസിപി ടികെ രത്നകുമാര്‍ പറഞ്ഞു.
ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകാര്‍ പണം ലഭിച്ചാല്‍ ഉടന്‍ പല അക്കൗണ്ടുകളിലേക്കു മാറ്റും. തട്ടിപ്പുകാരുടെ ഫോണ്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ പലരുടെയും വിലാസവും ആധാര്‍ കാര്‍ഡും ഉപയോഗിച്ചു വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് പൊലീസ് പറയുന്നത്.