വില ലക്ഷങ്ങൾ, ഒരിക്കലിട്ട സ്യൂട്ട് മോദി പിന്നെ ധരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? വിമർശനമുയർത്തി രാഹുൽ ഗാന്ധി

വില ലക്ഷങ്ങൾ, ഒരിക്കലിട്ട സ്യൂട്ട് മോദി പിന്നെ ധരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? വിമർശനമുയർത്തി രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകൾ ധരിക്കുമ്പോള്‍  വെള്ള ടീ ഷർട്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ദിവസം പ്രധാനമന്ത്രി ധരിക്കുന്നത് ഒന്നോ രണ്ടോ സ്യൂട്ടുകളാണ്. അതിന് ഒരെണ്ണത്തിന് ലക്ഷങ്ങളാണ് വില. അദ്ദേഹം ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ താൻ കേട്ടു. ഒബിസി വിഭാഗത്തിൽ പെട്ടവനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയുമായിരുന്നു. ഇത് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിൽ നിന്ന് ജാതി അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ എന്ന് രാഹുല്‍ ചോദിച്ചു.

ജാതി സെൻസസിനെ കുറിച്ച് താൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ, ഇന്ത്യയിൽ ജാതിയില്ല എന്ന് മോദി പറഞ്ഞു തുടങ്ങി. ജാതി സെൻസസ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ചുവടുവെപ്പാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായ സര്‍വെ ഫലങ്ങള്‍ പുറത്ത് വന്നതിന്‍റെ സന്തോഷത്തിലാണ് കോൺഗ്രസ് ക്യാമ്പ്. 146 സീറ്റ് വരെ പാര്‍ട്ടിക്ക് ലഭിച്ചേക്കുമെന്നാണ് ചില സര്‍വേ ഫലങ്ങള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റാണ് നേടിയത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടെ സ്വന്തം പാളയത്തില്‍ എത്തിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി കടുത്ത മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ മറ്റ് ചെറിയ പാര്‍ട്ടികളും മത്സര രംഗത്തുള്ളത് കോണ്‍ഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാറുണ്ട്. എന്നാല്‍ സര്‍വേ ഫലങ്ങള്‍ അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 

Leave a Reply