ഇടുക്കിയിൽ ദോശയ്ക്ക് ചമ്മന്തി നൽകാത്തതിനു യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു.പുളിയന്മലയിൽ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പ്രദേശവാസിയായ സുജീഷ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ പുളിയന്മല സ്വദേശി ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി.
തട്ടുകട അടയ്ക്കുന്നതിനിടയിലാണ് പ്രതി സുജീഷ് തട്ടുകടയിലെത്തിയത്. പരിചയക്കാരനും തട്ടുകടയുടെ സമീപത്ത് ബേക്കറി നടത്തുന്നയാളുടെ മകനുമാണ് സുജീഷ്. പരിചയമുള്ളതിനാൽ ജീവനക്കാർക്ക് കഴിക്കാൻ വച്ചിരുന്ന ദോശയെടുത്ത് സുജീഷിന് നൽകുകയും ചെയ്തു. എന്നാൽ ദോശയ്ക്കൊപ്പം ചമ്മന്തി നൽകിയില്ലെന്ന് പറഞ്ഞ് സുജീഷ് വഴക്കിട്ടു. വഴക്കിനിടെ തട്ടുകടയിലെ സാധനങ്ങൾ വലിച്ചെറിയാൻ ശ്രമിച്ച സുജീഷിനെ ശിവചന്ദ്രൻ തടയുകയും സുജീഷ് ശിവചന്ദ്രന്റെ മൂക്ക് കടിച്ച് പറിക്കുകയുമായിരുന്നു.
മൂക്കിന് പരിക്കേറ്റ ശിവചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്ലാസ്റ്റിക്ക് സർജറിക്ക് വിധയേനാക്കുകയുമായിരുന്നു. തട്ടുകടയിലുണ്ടായ സംഘർഷത്തിൽ മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റു.