ഇസ്രായേലിലേക്ക്  ആയുധങ്ങളുടെ കയറ്റുമതി നിര്‍ത്തണം ലോക രാജ്യങ്ങളോട്  സൗദി കിരീടാവകാശി

ഇസ്രായേലിലേക്ക് ആയുധങ്ങളുടെ കയറ്റുമതി നിര്‍ത്തണം ലോക രാജ്യങ്ങളോട് സൗദി കിരീടാവകാശി

ജിദ്ദ: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്താൻ എല്ലാ രാജ്യങ്ങളോടും സൗദി അറേബ്യ ആവശ്യപ്പെടുന്നുവെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ പറഞ്ഞു.

ഗസ്സയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയത്താണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഗസ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങളെ പൊറുപ്പിക്കാനാവില്ല. ഗസ്സയിലേക്ക് ഉടൻ സഹായം എത്തിക്കണം. സാധാരണക്കാരായ മനുഷ്യര്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗസ്സയില്‍ അരങ്ങേറുന്നതെന്നും കിരീടാവകാശി പറഞ്ഞു. ഈ മാനുഷിക ദുരന്തം തടയാൻ കൂട്ടായ ശ്രമം ആവശ്യമാണ്.

ഗസ്സയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മര്‍ദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു.

ഗസ്സയില്‍നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങളെ സൗദി പൂര്‍ണമായും തള്ളിക്കളയുന്നു. സംഭവങ്ങളുടെ തുടക്കം മുതല്‍ സൗദി വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങള്‍ നടത്തുകയും ഗസ്സയിലെ സിവിലിയന്മാരെ സഹായിക്കാൻ പ്രവര്‍ത്തിക്കുകയും വ്യോമ, കപ്പല്‍ മാര്‍ഗങ്ങളിലൂശട ദുരിതാശ്വാസ സഹായം എത്തിക്കുകയും ചെയ്യുകയാണ്. സൗദി നിവാസികള്‍ക്കിടയില്‍ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്ബയിനിലുടെ ലഭിച്ച തുക 50 കോടി റിയാല്‍ കവിഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ ഈ മാസം 11 ന് റിയാദില്‍ ഒരു അസാധാരണ അറബ്-ഇസ്ലാമിക ഉച്ചകോടി സംഘടിപ്പിക്കാൻ തങ്ങള്‍ക്ക് കഴിഞ്ഞു.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ചൈന, റഷ്യ, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അര്‍ജൻറീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അൻറോണിയോ ഗുട്ടെറസും ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

Leave a Reply