കണ്ണൂർ വളപട്ടണത്ത് റെയില്‍പ്പാളത്തില്‍ കല്ലുവച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. സ്‌കൂളില്‍ പരീക്ഷയ്ക്ക് പോകുന്നതിന് മുന്‍പാണ് വളപട്ടണം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ പാളത്തില്‍ കല്ല് നിരത്തിവച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.10-നായിരുന്നു സംഭവം. ഈ ഭാഗത്ത് തീവണ്ടികള്‍ക്ക് നിരന്തരം കല്ലേറുണ്ടായ സാഹചര്യത്തില്‍ പാളത്തില്‍ പട്രോളിങ് നടത്തിയ വളപട്ടണം പോലീസാണ് ഇവരെ പിടിച്ചത്. ഉച്ചയ്ക്ക് സ്‌കൂളില്‍ പരീക്ഷയുള്ള ആറാംതരം വിദ്യാര്‍ഥികളായിരുന്നു ഇവര്‍. രക്ഷിതാക്കളോട് കുട്ടികളെയുംകൂട്ടി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് വളപട്ടണം ഇന്‍സ്‌പെക്ടര്‍ എം.ടി.ജേക്കബ് പറഞ്ഞു.
പലതവണ ഈ പ്രദേശങ്ങളില്‍ പാളത്തില്‍ കല്ലുവച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 26-ന് വളപട്ടണത്തിനും കണ്ണപുരത്തിനും ഇടയില്‍ രണ്ടിടത്ത് വച്ചിരുന്നു. രാത്രി 11.30-ന് പുണെ-എറണാകുളം എക്‌സ്പ്രസ് (11097) കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദംകേട്ടു. തുടര്‍ന്ന് ആര്‍.പി.എഫ്. നടത്തിയ പരിശോധനയില്‍ കല്ല് കണ്ടെത്തിയിരുന്നു.
2022 ജൂലായ് 29-നും ഇതേസ്ഥലത്ത് കല്ലുണ്ടായി. രാത്രി 9.15-ന് മലബാര്‍ എക്‌സ്പ്രസ് (16630) കടന്നുപോകുമ്പോള്‍ വണ്ടി കുലുങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുപാളത്തിലും കല്ലുകള്‍ നിരത്തിയത് കണ്ടു. ഇതേദിവസംതന്നെ ഉപ്പള കുമ്പളയിലും പാളത്തില്‍ കല്ലുവച്ചിരുന്നു. 2022 നവംബര്‍ 28-ന് ചെറുകുന്ന് താവത്ത് വലിയ ചെങ്കല്ലുകള്‍ വച്ചത് ഗൗരവവിഷയമായിരുന്നു. രാത്രി 12.30-നായിരുന്നു സംഭവം. റെയില്‍വേ ട്രാക്ക്മാന്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.